ഫെറ്റിഷ്

തുണിക്കടയിൽ

തിരക്കിൽ

നിന്റെ കുപ്പായം പോലൊന്ന്

കയ്യിൽ തടയുന്നു.

തീരാക്കുളിരും

തോരാവെട്ടവും

ജാസ്സും.

–ഇനിയുമിനിയും–

കുപ്പായങ്ങൾ,

ആണ്പ്രതിമകൾ,

–ഇനിയുമിനിയും–

നനഞ്ഞ സിൽക്ക് കക്ഷങ്ങൾ.

ഞാൻ നീ

ഞാൻ നീ

എന്നു മരക്കാലുകൾ

സിമന്റുതറമേലുരസുന്ന

പാവാടചരടിലെ കുരുക്കുപോലെ

തുലഞ്ഞ

ഒരു ദിവസത്തിലേക്ക്

ഞാനുണരുന്നു.

കല്ലുകൾ, നിന്റെ കണ്ണുകൾ.

ധ്യാനം വിട്ടുണർന്നാൽ

മടങ്ങും, ഈ കവിയും.

എട്ടുവയസ്സുകാരിയുടെ

കുഴിമാടത്തിൽ

അടയാളം വച്ച

ഉരുളൻകല്ലുകളെഴുതും

ഇനി

വിലാപകാവ്യം.